Monday, January 31, 2011

അഞ്ചാമത്തെ ചോദ്യം... ഒരു ഫിലിം സ്റ്റഡിസ് ടെസ്റ്റ്‌ പേപ്പറിന്‍റെ കഥ!

ജീവിതം ആസ്വദിക്കണമെങ്കില്‍ കൊല്ലം S N കോളേജില്‍ ഡിഗ്രിക്ക്  പഠിക്കണം… അതും Mass Communication നു . ആണ്ടിലൊരിക്കല്‍ ക്ലാസ്സിലേക്ക്  വരുന്ന അധ്യാപകര്‍, അത് കൊണ്ട് തന്നെ മിക്കവാറും സമയങ്ങളില്‍ എല്ലാരും ക്ലാസ്സില്‍ തന്നെ ഉണ്ടാക്കും (ചീട്ടു കളിയും ബഹളവുമായി).

റിലീസിന്‍റെ അന്ന് തന്നെ സിനിമ കണ്ടില്ലെങ്കില്‍ എന്തോ പാപം ചെയ്ത പോലെ  ആയിരുന്നു. പിന്നെ വയിനോട്ടവും, പോരാത്തതിനു ഫിലിം ഫെസ്റ്റിവല്‍,  സാഹിത്യ ക്യാമ്പ്‌ എന്നിങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍, പെട്ടിയും തുക്കിപ്പിടിച്ചു അങ്ങോട്ടൊരു പോക്കും! ചുരുക്കി പറഞ്ഞാല്‍ പ്രത്യേകിച്ചു പണി ഒന്നും ഇല്ലാതെ തന്നെ ഞങ്ങള്‍ എല്ലാരും ഭയങ്കര busy ആയിരുന്നു .

ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിലും, ഞങ്ങള്‍ക്ക് ക്ലാസ്സ്‌ എടുക്കാന്‍ ഗസ്റ്റ് ആയിട്ടും  അല്ലാതെയുമായി ചായാഗ്രാഹകരായ സണ്ണി ജോസഫ്‌ സര്‍, ജെയിന്‍ ജോസഫ്‌  സര്‍, ഡയറക്ടര്‍ ഹരികുമാര്‍ സര്‍,  Journalism പഠിപ്പിക്കാന്‍ PRB സര്‍, മാതൃഭുമിയിലെ ബസന്ത് പങ്കജാക്ഷന്‍, മനോരമയിലെ ഇലങ്കത് ജയചന്ദ്രന്‍, Sound Engineer ഹരികുമാര്‍ സര്‍ എന്നിങ്ങനെ പലരും വന്നിട്ടുണ്ട്.

എല്ലാത്തിനും വേണമെല്ലോ ഒരു അറുതി, അത് കൊണ്ട് തന്നെ 'വിനയന്‍ സിനിമയിലെ ഗ്രാഫിക്സ് സീന്‍ പോലെ ഇടയ്ക്കിടെ ക്ലാസ്സ്‌ ടെസ്റ്റും ഉണ്ടാവാറുണ്ട്. കറക്റ്റ് ചെയ്യാന്‍ അധ്യാപകര്‍ ഇല്ലാത്തതു കൊണ്ടും, കേരള സര്‍വകലാശാലയ്ക്ക് അകെ ഞങ്ങളുടെ കോളേജില്‍ മാത്രമേ ഈ കോഴ്സ് ഉള്ളു എന്നത് കൊണ്ടും പേപ്പര്‍ corrections എല്ലാം നടത്തിയിരുനത് മേല്‍ പരാമര്‍ശിച്ച അധ്യാപക ലിസ്റ്റില്‍ ഉള്ളവര്‍ ആയിരുന്നു. ഞങ്ങള്‍ എഴുതുന്നത്‌ അവര്‍ക്ക് മനസിലാവാത്തത് കൊണ്ടാണോ എന്നറിയില്ല, റിസള്‍ട്ട്‌ വരുന്നത് മാലപ്പടക്കത്തിനു തിരി കൊളുത്തിയത് പോലെ ആയിരുന്നു… കൂട്ടത്തില്‍ ഒന്നോ  രണ്ടോ ചീറ്റിയ പടക്കം പോലെ ആരെങ്കിലുമൊക്കെ ജയിച്ചെങ്കില്‍ ആയി.

അത് പോലെ ഒരു ടെസ്റ്റ്‌ നടക്കുന്നു, FILM STUDIES ആണ് പേപ്പര്‍ . ബാക്ക്  ബെഞ്ചില്‍ ഇരിക്കുന്നത്  ഇപ്പോഴുതെതിലും മണ്ടനായ ഞാനും, അന്ന് ഒരു  സ്വകാര്യ ചാനലില്‍ Sound Engineer ആയിരുന്ന ഹണിയും (ആളിപ്പോള്‍ Independent  Music Director ആണ്) പിന്നെ അടൂര്‍ക്കാരന്‍ സര്‍ജിയും. സര്‍ജി ക്ലാസ്സില്‍ എത്തിയാല്‍ പിന്നെ ആരും ലേറ്റ് ആയി വരന്‍ പാടില്ല, കാരണം അത് പോലെ ഒരു ഗുഥാമില്‍ നിന്നാണ് അവന്‍റെ വരവ്. 9:30 മുതല്‍  12.:30 വരെ ആണ് ക്ലാസ്സ്‌  എങ്കില്‍, പുള്ളിക്കാരന്‍ കൃത്യം 12 മണിക്ക് എത്തി ക്ലാസ്സില്‍ കയറി attendence ഉം മേടിച്ചു മിടുക്കനാവും. പക്ഷേങ്കില്‍ സിനിമക്കും മറ്റു പരിപാടിക്കും പോകുന്ന ദിവസങ്ങളില്‍ ഇഷ്ടന്‍ കൃത്യം 9 മണിക്ക് തന്നെ ഹാജര്‍ വെക്കും.

തിരികെ പരിക്ഷയിലേക്ക് വരാം. അത് 5-ആമത്തെ ചോദ്യമായിരുന്നു … Contributions by Adoor Goplakrishnan to Indian Cinema.

ഞാന്‍ ഹണിയെ തോണ്ടി, കാരണം ആയിടക്കാണ്‌ Adoor Gopalakrishnanu പത്മവിഭൂഷന്‍ ലഭിക്കുന്നതും, അവന്‍ വര്‍ക്ക്‌ ചെയ്യുന്ന ചാനലില്‍ ആ പ്രോഗ്രാമിന് അവനാണ് സൌണ്ട് കൊടുത്തതെന്നും പറഞ്ഞ ഒരു ഓര്‍മ്മയുണ്ട്. “ഡാ, ഞാന്‍ അവിടെ വരെ എത്തിയില്ല, നീ ഒന്ന് വെയിറ്റ് ചെയ്യ്...  ഞാന്‍ എഴുതുമ്പോള്‍ പറയാം” അവന്‍  പറഞ്ഞു. “Ok” ഞാന്‍ പറഞ്ഞു എന്നിട്ട് ഏകദേശം 15 മിനിറ്റ് വെയിറ്റ് ചെയ്തു. അപ്പോള്‍ അവന്‍ എന്നെ തോണ്ടി..."അളിയാ, ഞാന്‍ എഴുതാന്‍ പോകുവാ”… എനിട്ടവന്‍ എഴുതി  ‘Adoor Gopalakrishnan is a famous Malayalam Film Director.’ പിന്നെ  അനക്കം ഒന്നുമില്ല “എടാ  ബാക്കിയും കൂടി പെട്ടെന്ന് എഴുത്ത്”, ഞാന്‍  പറഞ്ഞു.

“ബാക്കി എന്തെഴുതാന്‍.......... എനിക്കിതേ അറിയൂ…” അവന്‍ നിഷ്കളങ്കമായി മൊഴിഞ്ഞു.

“എടാ @$%!&,  ഇതിനാണോ നീ എന്നെ വെയിറ്റ് ചെയ്യിപ്പിച്ചത്” എന്നിട്ട് നേരെ  സര്‍ജിയുടെ അടുക്കലേക്കു തിരിഞ്ഞു. അവന്‍റെ നാട്ടുകാരനാണല്ലോ നമ്മുടെ കഥാപുരുഷന്‍ “അളിയാ, 5 ആമത്തെ ചോദ്യം..?”

“ഇല്ലെടാ, ഞാന്‍ അവിടെ വരെ എത്തിയില്ല ... നീ വെയിറ്റ് ചെയ്യ്”

ദൈവമേ പിന്നേം കാത്തിരുപ്പ്… “എടാ നീ ആ ഉത്തരം ഒന്നെഴുതി തോലയ്ക്ക്”

പിറുപിറുത്തു കൊണ്ടവന്‍ question നോക്കി, പിന്നെ എന്നേം... കൂട്ടത്തില്‍ ഒരു  ചോദ്യവും “ആരാ അളിയാ ഈ അടൂര്‍ ഗോപാലകൃഷ്ണന്‍?

അതിനു മറുപടിയായി ഒരു തെറി പോലും വിളിക്കാന്‍ തോന്നിയില്ല… അപ്പോഴും ഹണി എന്നെ നോക്കുനുണ്ടായിരുന്നു ‘ഞാന്‍ അല്ലെടാ അവനിലും ഭേദം’ എന്ന മാതിരി!